District News
ആലുവ: പുളിഞ്ചോടു മുതൽ മംഗലപ്പുഴ പാലം വരെയുള്ള ദേശീയപാതയിലേയും ആലുവ നഗരത്തിലേയും ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള 53 നിർദേശങ്ങൾ ലഭിച്ചതായി അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. എംഎൽഎ ഓഫീസിൽ നടന്ന ചടങ്ങിൽ നാറ്റ് പാക്കിന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റ് അനീഷ് കിനി, സയന്റിസ്റ്റ് അനില സിറിൽ, ജൂനിയർ സയന്റിസ്റ്റ് ആർദ്ര എസ്. കൃഷ്ണ എന്നിവർക്ക് അൻവർ സാദത്ത് എംഎൽഎ നിർദേശങ്ങൾ കൈമാറി.
ആലുവ എംഎൽഎ ഓഫീസ്, മുനിസിപ്പാലിറ്റി, ആലുവ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും നാറ്റ് പാക്കിന്റെ ഓഫീസിൽ ഇ-മെയിൽ വഴിയും ലഭിച്ച 53 നിർദേശങ്ങളാണ് കൈമാറിയത്. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പദ്ധതികൾക്കാവശ്യമായ സാധ്യതാ പഠനം നാറ്റ് പാക്ക് ആണ് നടത്തുന്നത്.
ട്രാഫിക് ബ്ലോക്ക് മാറ്റുന്നതിന് പൊതുജനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും അഭിപ്രായം തേടുവാനും തീരുമാനിച്ചിരുന്നു. ലഭിച്ചിട്ടുള്ളതിൽ ഏറ്റവും അനുയോജ്യമായ നിർദേശങ്ങൾ, സാധ്യതാ പഠനത്തിൽ പരിഗണിച്ച് ആവശ്യമായ പരിഹാരം ഉൾപ്പെടുന്ന റിപ്പോർട്ടായിരിക്കും സർക്കാരിനു കൈമാറുക എന്ന് നാറ്റ് പാക് പ്രതിനിധികൾ പറഞ്ഞു.
District News
കണ്ണൂർ: മേൽപ്പാല നിർമണ പ്രവൃത്തിയും പൊട്ടിപ്പൊളിഞ്ഞ റോഡും കാരണം മേലെ ചൊവ്വ ജംഗ്ഷനിൽ അനുഭവിച്ചുവരുന്ന രൂക്ഷമായ ഗതാഗതകുരുക്ക് പ്രശ്നം ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും. ടി.ഒ. മോഹനൻ വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഈ പ്രവൃത്തികളെല്ലാം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് ടി.ഒ. മോഹനൻ എംഎൽഎ അറിയിച്ചു.
ജംഗ്ഷനിലെ വാട്ടർ അഥോറിറ്റിയുടെ പ്രവൃത്തി മൂന്നു ദിവസംകൊണ്ട് പൂർത്തിയാക്കി റോഡ് റീ ടാറിംഗ് നടത്തും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പ് സൊസൈറ്റി ടാറിംഗ് പ്രവൃത്തി 16ന് തുടങ്ങി അടുത്ത ദിവസത്തേക്ക് പൂർത്തിയാക്കും. വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമുണ്ടാക്കുന്ന വൈദ്യുത തൂണുകൾ ഒരാഴ്ചക്കുള്ളിൽ മാറ്റി സ്ഥാപിക്കാമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ഇതിനുപുറമേ, മേൽപ്പാലം പണിയുടെ ഭാഗമായുള്ള പൈലിംഗ് പ്രവൃത്തിക്കു വേണ്ടി നിരത്തിവച്ച വീപ്പകൾ ട്രാഫിക് പോലീസിന്റെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഒതുക്കിവച്ച് കൂടുതൽ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള സൗകര്യം ഒരുക്കും. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പീക്ക് അവറുകളിൽ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ മേഖലയിൽ വിന്യസിക്കാനും തീരുമാനിച്ചു.
മേലേചൊവ്വയിൽ വാട്ടർ ടാങ്കിന് മുന്നിലുള്ള കെഎസ്ഇബി ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നതും പരിഗണനയിലാണ്. റോഡ് ടാറിംഗ് പ്രവർത്തിക്കുള്ള സാധന സാമഗ്രികൾ ലഭിക്കാൻ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ കരാർ കന്പനിയായ വിശ്വസമുദ്ര വഴി സാധനങ്ങൾ ലഭ്യമാകുമോ എന്ന കാര്യം അന്വേഷിക്കാനും ടി.ഒ. മോഹനൻ എംഎൽഎ നിർദേശിച്ചു. മേലേചൊവ്വയിൽ രണ്ട് സർവീസ് റോഡുകൾ ഉൾപ്പെടെ മേൽപ്പാലം നിർമാണത്തിനായി 1.21 ഏക്കർ ഭൂമിയാണ് വേണ്ടത്.
ഇതിൽ ഏറ്റെടുക്കാനുള്ള ഭൂമിയിലെ കെട്ടിടങ്ങളുടെ വില മൂല്യനിർണയം നടന്നുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു. ഒരാഴ്ചയ്ക്കുശേഷം പ്രവൃത്തിയുടെ അവലോകന യോഗം ചേരും. എംഎൽഎയുടെ ഓഫീസിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ ഡപ്യൂട്ടി കളക്ടർ കെ.കെ സുബൈർ, ദേശീയപാത അഥോറിറ്റി, പിഡബ്ല്യുഡി, വാട്ടർ അഥോറിറ്റി, കെഎസ്ഇബി, റോഡ്സ് ആൻഡ് ബ്രിഡ്ജ് ഡെവലപ്പ്മെന്റ് കോർപറേഷന്, പോലീസ് ഉദ്യോഗസ്ഥർ, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധി എന്നിവർ പങ്കെടുത്തു.
ഗതാഗതക്കുരുക്ക്: സർവീസ് റോഡ് ടാറിംഗിന്
കണ്ണൂർ: മേലെകളക്ടറുടെ നിർദേശം ചൊവ്വയിലെ ഫ്ലൈഓവർ നിർമാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവീസ് റോഡിന്റെ ടാറിംഗ് ഉടൻ പൂർത്തിയാക്കാൻ കളക്ടറുടെ നിർദേശം. സ്ഥലം സന്ദർശിച്ച കളക്ടർ പി. വിഷ്ണുരാജ് ഫ്ലൈഓവർ നിർമാണ പുരോഗതിയും ഗതാഗതക്കുരുക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിലയിരുത്തി. അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനും ആവശ്യമായ മറ്റ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കളക്ടർ സ്ഥലം സന്ദർശിച്ചത്. താഴെചൊവ്വയിലെയും മേലെചൊവ്വയിലെയും കാര്യങ്ങൾ ഉദ്യോഗസ്ഥർക്കൊപ്പം വിശദമായി പരിശോധിച്ച ശേഷമായിരുന്നു കളക്ടറുടെ നിർദേശം. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ കെ.കെ.സുബൈർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
District News
ആലുവ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ഇതിനായി ആലുവ നഗരസഭ, എംഎൽഎ ഓഫീസ്, ആലുവ ടൗൺ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേക ബോക്സ് സ്ഥാപിച്ചു.
ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പഠനം നടത്താൻ ചുമതലപ്പെടുത്തിയ നാറ്റ്പാക് ഉദ്യോഗസ്ഥരുടെ പരിഗണനയ്ക്ക് ഇവ കൈമാറും. അഭിപ്രായങ്ങൾ എഴുതി ഇടണം. റിപ്പോർട്ട് തയാറാക്കാൻ രണ്ട് മാസത്തെ കാലാവധിയാണ് നാറ്റ്പാക് എടുക്കുക.
ദേശീയ പാതയിൽ പുളിഞ്ചോട് ജംഗ്ഷനും ദേശം ജംഗ്ഷനും ഇടയിലുള്ള മാർത്താണ്ഡവർമ പാലം, മംഗലപ്പുഴപ്പാലം, പറവൂർ കവല എന്നീ മേഖലകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പ്രധാനമായും പഠനം നടത്തുന്നത്. ആലുവ നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾക്കും പരിഹാരം റിപ്പോർട്ടിൽ നിർദേശിക്കും.
District News
വൈറ്റില: വൈറ്റില ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കേരള റോഡ് സേഫ്റ്റി അഥോറിറ്റി അനുവദിച്ച 1.5 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കൊച്ചി സിറ്റി ട്രാഫിക് പോലീസ് നിർദേശിച്ച പുതിയ സ്കെച്ച് അംഗീകരിച്ച് കേരള റോഡ് സേഫ്റ്റി അഥോറിറ്റിയിൽനിന്നു പണം അനുവദിച്ചതിതോടെയാണ് പ്രവൃത്തികൾ ആരംഭിച്ചത്.
പാലത്തിന്റെ താഴെ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന മീഡിയനുകൾ പൊളിച്ചു പണിത്, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് പാലത്തിന് താഴെ യൂടേൺ അനുവദിക്കുകയാണ് പ്രാഥമികമായി ചെയ്യുന്നത്. മേയർ വി.കെ. മിനിമോൾ, കൗൺസിലർമാരായ എം.എക്സ്. സെബാസ്റ്റ്യൻ, വി.പി. ചന്ദ്രൻ, ആന്റണി പൈനുതറ, ട്രാഫിക് എസിപി ഷെരീഫ്, ദേശീയപാതാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകിയതായി എംഎൽഎ അറിയിച്ചു.
District News
ആലുവ: ദേശീയപാതയിൽ ആലുവ പുളിഞ്ചോട് ജംഗ്ഷൻ മുതൽ ദേശം ജംഗ്ഷൻ വരെയുള്ള ഗതാഗതക്കുരുക്കിൽ മണിക്കൂറുകൾ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾ. ഇന്നലെ രാവിലെ മുതൽ ആലുവ മാർത്താണ്ഡവർമ പാലം, മംഗലപ്പുഴ പാലം എന്നിവ കടക്കാൻ ആംബുലൻസുകൾ പോലും ഏറെ കഷ്ടപ്പെട്ടു.
ദേശീയപാതയിൽ നിരന്തരം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് മൂലം നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാരുടേതടക്കം യാത്രമുടങ്ങുന്ന സാഹചര്യമുണ്ടെന്ന് അൻവർ സാദത്ത് എംഎൽഎ ദീപികയോട് പറഞ്ഞു. എലവേറ്റഡ് ഹൈവേ, സമാന്തരമായി മൂന്നാം പാലം എന്നീ ആശയങ്ങൾ പലവട്ടം ഉയർന്നുവന്നെങ്കിലും ഒന്നും നടപ്പിലായില്ല.
ബജറ്റിൽ ഉൾപ്പെടുത്തണം
ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി പുതിയ പാലമോ, അല്ലെങ്കിൽ എലിവേറ്റഡ് ഹൈവേയോ നിർമിക്കുന്നതിന് വിശദമായ പഠനം നടത്തുന്നതിനായി തുക ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്ന് അൻവർ സാദത്ത് നിയമസഭയിൽ ആവശ്യപ്പെട്ടു.
രോഗികളുമായി ആശുപത്രികളിലേക്ക് പോകുന്നവർക്കും ആലുവകടന്നു പോകേണ്ടവർക്കും ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.മാർത്താണ്ഡവർമ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കുകയോ, പുളിഞ്ചോടു കവല മുതൽ എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേയോ നിർമിക്കണമെന്നും, എം എൽ എ ആവശ്യപ്പെട്ടു.
കേന്ദ്രവുമായി ചർച്ച
നിലവിൽ സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ പരിഗണയിൽ ഈ വിഷയം ഇല്ലെന്നും, എന്നാൽ ജൂലൈ ഏഴിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തുന്ന ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്നും സബ്മിഷന് മറുപടിയായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ സഭയിൽ പറഞ്ഞു.
District News
മൂന്നാര്‍: വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്കിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ദേവികുളം എംഎല്‍എ എഫ്. രാജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി തീരുമാനിച്ചു. ട്രാഫിക് നിയന്ത്രിക്കാന്‍ നിലവില്‍ പോലീസുകാരുടെ എണ്ണം കുറവായതിനാല്‍ ഹോം ഗാര്‍ഡുകളെയും ട്രാഫിക് വാര്‍ഡനെയും നിയമിക്കും. പാര്‍ക്കിംഗ് ഫീസില്‍നിന്നുള്ള വരുമാനത്തില്‍നിന്നും ഇവര്‍ക്കുള്ള വേതനം നല്‍കും. രാജമലയില്‍ എത്തുന്ന സഞ്ചാരികള്‍ തങ്ങളുടെ വാഹനം ദേശീയോദ്യാനത്തില്‍ പാര്‍ക്കിംഗിന് അനുവദിച്ചിരിക്കുന്ന സ്ഥലത്തു പാര്‍ക്കു ചെയ്യണം. സ്ഥലം മതിയാകാതെ വന്നാല്‍ മാത്രം റോഡില്‍ ഒരു വശത്ത് പാര്‍ക്കു ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്യും.
ആനച്ചാല്‍ ഭാഗത്തെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ആല്‍ത്തറയില്‍ പോലീസിനെ ചുമതലപ്പെടുത്തും. പഴയ മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു പുറത്ത് ദേശീയ പാതയ്ക്കു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ദേശീയപാര്ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശനത്തിന് സമയപരിധി നിശ്ചയിക്കും.
മൂന്നാറില്‍ ട്രാഫിക് സിഗ്നല്‍ പോയിന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത ആരായാന്‍ റോഡ് വിഭാഗം ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. കുരുക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഇതിനുള്ള പദ്ധതി തയാറാക്കാന്‍ മൂന്നാര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തും. മൂന്നാര്‍ ടൗണിലെ ഓട്ടോകളെ നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതനുസരിച്ച് റോഡിനു സമാന്തരമായി ഓട്ടോ നിര്‍ത്താന്‍ മാത്രമേ അനുമതി നല്‍കൂ.
കോടതി ഉത്തരവില്ലാത്ത അനധികൃത വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിക്കാനുള്ള നടപടിയും
അടിയന്തരമായി സ്വീകരിക്കും. മാട്ടുപ്പെട്ടി, ലക്കം എന്നിവിടങ്ങള്‍ പുതിയ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ കണ്ടെത്തുവാന്‍ കെഡിഎച്ച്പി കമ്പനിക്കും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നുണ്ടോയെന്ന് ദേവികുളം സബ് കളക്ടര്‍ വിലയിരുത്തും.
യോഗത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു. മൂന്നാര്‍ ഡിവൈഎസ്പി എസ്. ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാര്‍, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ശരണ്യ, പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് മായ സാജു എന്നിവര്‍ പങ്കെടുത്തു.
District News
എരുമേലി: ടൗണിൽ പേട്ടക്കവലയിൽ ഇന്നലെ രാവിലെ രണ്ട് സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിലുള്ള പോരിൽ കുടുങ്ങി ഗതാഗതം നിശ്ചലമായി. നാട്ടുകാരും ടാക്സി ഡ്രൈവർമാരും രോഷാകുലരായി രംഗത്തുവന്നതോടെ പോലീസെത്തി ഇടപെട്ടു. ഇതോടെ ബസുകൾ ഒതുക്കി ഗതാഗതതടസം മാറി.
ലിമിറ്റഡ് സ്റ്റോപ്പ് ബസ് പേട്ടക്കവലയിൽ തങ്ങി യാത്രക്കാരെ കയറ്റുന്നുവെന്നും എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ എല്ലാ സ്റ്റോപ്പിൽനിന്നും യാത്രക്കാരെ കയറ്റുന്നുവെന്നും ആരോപിച്ചാണ് ഓർഡിനറി ബസിന്റെ ജീവനക്കാർ ലിമിറ്റഡ് സ്റ്റോപ്പ് ബസ് വിലങ്ങി ഗതാഗതം തടഞ്ഞത്.
ഇരു ബസുകളിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവുമുണ്ടായി. പ്രശ്നം മോട്ടോർ വാഹനവകുപ്പ് മുഖേനെ പരിഹരിക്കണമെന്നും റോഡ് തടഞ്ഞുള്ള പോര് അനുവദിക്കില്ലെന്നും കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
District News
പുതുക്കാട്: ദേശീയപാതയില്‍ വന്‍ഗതാഗതക്കുരുക്ക്. അടിപ്പാതനിര്‍മാണം നടക്കുന്ന ആമ്പല്ലൂര്‍ മുതല്‍ നന്തിക്കര വരെ വാഹനങ്ങളുടെ നീണ്ടനിര. ഇന്നലെ രാവിലെയായിരുന്നു സംഭവം.
മഴപെയ്ത് സര്‍വീസ് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനങ്ങളുടെ യാത്ര മന്ദഗതിയിലായി. അരമണിക്കൂറോളം എടുത്താണ് പുതുക്കാടുനിന്നും ആമ്പല്ലൂര്‍ അടിപ്പാത കടന്ന് വാഹനങ്ങള്‍ കടന്നുപോയത്. ഇതേ വാഹനങ്ങള്‍ ടോള്‍പ്ലാസയിലും ഏറെനേരം കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്.
രണ്ടുദിവസത്തെ അവധികഴിഞ്ഞുള്ള ദിവസമായതിനാല്‍ ദേശീയപാതയില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണവും കൂടുതലായിരുന്നു. ഗതാഗതക്കുരുക്കായതോടെ ദേശീയപാതയിലുടനീളം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു.
ഗതാഗതതടസം കാരണം ആംബുലന്‍സുകള്‍ക്കും യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് നേരിട്ടു. വിദ്യാര്‍ഥികളും ജോലിക്കു പോകുന്നവരും സമയത്ത് എത്താനാകാത്ത അവസ്ഥയായി. മഴയുള്ള ദിവസങ്ങളില്‍ ഇവിടെ ഗതാഗതക്കുരുക്കുണ്ടാകുന്നതു പതിവായിരിക്കുകയാണ്.
Kerala
കൊച്ചി: കൊച്ചി നഗരത്തിലെ ജനങ്ങളെ വലച്ച് മെട്രോ നിർമാണവും കനത്ത മഴയും. പാലാരിവട്ടം-കലൂർ ഭാഗത്ത് രാവിലെ മുതൽ കനത്ത ഗതാഗത കുരുക്കാണ് രൂപപ്പെടുന്നത്. നഗരത്തിൽ വൈകിട്ടും മഴ തുടരുന്നതിനാൽ ബസുകളും സ്വകാര്യ വാഹനങ്ങളും കുരുക്കിൽ വലയുകയാണ്.
ഇടപ്പള്ളി, കാക്കനാട് ഭാഗങ്ങളിൽ നിന്നുള്ള വണ്ടികൾ പാലാരിവട്ടം-കലൂർ റോഡിൽ മണിക്കൂറുകളോളം കുരുക്കിൽ വലയുകയാണ്. കൊച്ചി മെട്രോയുടെ നിർമാണം നടക്കുന്നതിനാൽ ഈ റോഡിൽ ഒരു ലൈൻ ആയി മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. മഴയിൽ പല ഭാഗങ്ങളിലും ഉണ്ടായ വെള്ളക്കെട്ടും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.
അതേസമയം, ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോ പിങ്ക് ലൈനിന്റെ നിർമാണം ജൂണിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിർമാണം പൂർത്തിയാകാൻ ഇനിയും വൈകുമെന്ന് അറിയിച്ചിരുന്നു.
International
റോം: നിർമാണപ്രവർത്തനം മൂലമോ മറ്റേതെങ്കിലും വിധത്തിലോ ഗതാഗതതടസമുണ്ടായാൽ ഇറ്റലിയിലെ ദേശീയപാതകളിൽ ഇനി ടോൾ നൽകേണ്ടതില്ല. രാജ്യത്തെ ട്രാൻസ്പോർട്ടേഷൻ റെഗുലേറ്ററി അഥോറിറ്റിയുടെ തീരുമാനം ഇന്നലെ പ്രാബല്യത്തിൽ വന്നു.
ടോൾ അടച്ചശേഷം ഗതാഗതതടസം നേരിടുകയാണെങ്കിൽ ഡ്രൈവർമാർക്ക് റീഫണ്ടിനായി ബന്ധപ്പെട്ട ഹൈവേ അഡ്മിനിസ്ട്രേറ്റർമാരെ സമീപിക്കാം.
റൂട്ടിന്റെ ദൈർഘ്യവും ഗതാഗതക്കുരുക്കിന്റെ ദൈർഘ്യവുമനുസരിച്ച് റീഇംബേഴ്സ്മെന്റുകൾ വ്യത്യസ്തമായിരിക്കും.
District News
അടിമാലി: അടിമാലി-കുമളി ദേശീയപാതയിലെ ടൗണുകളിലൊന്നായ കല്ലാര്‍കുട്ടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ടൗൺ വികസനം ത്വരിതപ്പെടുത്താനും അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.
അടിമാലിയില്‍നിന്നും ചെറുതോണിയില്‍നിന്നും വെള്ളത്തൂവലില്‍നിന്നും എത്തുന്ന റോഡുകളുടെ സംഗമകേന്ദ്രം കൂടിയാണിവിടം. ഇടുങ്ങിയ ടൗണാണ് കല്ലാര്‍കുട്ടി നേരിടുന്ന പ്രധാന പ്രതിസന്ധി. ടൗണിലെ കൊടുംവളവും ഇറക്കവും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
കോണ്‍വെക്സ് മിറര്‍ പുനഃസ്ഥാപിക്കണം
ഏതാനും നാളുകള്‍ക്കു മുമ്പ് വ്യാപാരസ്ഥാപനങ്ങളിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ടൗണില്‍ സ്ഥാപിച്ചിരുന്ന മിറര്‍ തകര്‍ന്നതാണ്. മിറര്‍ ഇല്ലാതായതോടെ പലപ്പോഴും തലനാരിഴയ്ക്കാണ് ടൗണില്‍ അപകടം ഒഴിവാകുന്നത്. അടിമാലിയില്‍നിന്നും വെള്ളത്തൂവലില്‍നിന്നും വരുന്നവര്‍ക്ക് ടൗണിലെ വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ കാണുവാനായി ദേശീയപാതയോരത്തായിരുന്നു മിറര്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍, വാഹനാപകടത്തില്‍ തകര്‍ന്ന മിറര്‍ പിന്നീട് പുനഃസ്ഥാപിച്ചില്ല. രാവിലെയും വൈകുന്നേരങ്ങളിലും കല്ലാര്‍കുട്ടി ടൗണില്‍ വലിയ തിരക്കാണനുഭവപ്പെടുന്നത്.
മണ്‍കൂന നീക്കണം
ടൗണിന് സമീപം ദേശീയപാതയോരത്തെ മണ്‍കൂന നീക്കം ചെയ്യാന്‍ ദേശീയപാതാ വിഭാഗം നടപടി സ്വീകരിക്കണം. ഏതാനും നാളുകള്‍ക്കു മുമ്പ് ടൗണിന് സമീപം ദേശീയപാതയോരത്തുനിന്ന് മണ്ണ് നീക്കം ചെയ്യുകയും വീതി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനോടു ചേര്‍ന്ന് തന്നെയുള്ള ചെറിയൊരു മണ്കൂനകൂടി നീക്കം ചെയ്താല്‍ കല്ലാര്‍കുട്ടി ടൗണിലൂടെയുള്ള ഗതാഗതം കുറച്ചുകൂടി സുഗമമാക്കാനാകും.
ചെറുതോണിയിൽനിന്നും വെള്ളത്തൂവലിൽനിന്നും അടിമാലിയിൽനിന്നും എത്തുന്ന വാഹനങ്ങളുടെ സംഗമസ്ഥലമാണ് കല്ലാർകുട്ടി. ഇറക്കത്തോടു കൂടിയുള്ള ചെറിയ ടൗൺ ആയതിനാൽ ബസുകളടക്കം നിർത്തി യാത്രക്കാരെ ഇറക്കുമ്പോൾ മറ്റു വശങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ കുരുക്കിൽപ്പെടുകയാണ്.
District News
ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പഴയപാലം അടച്ചതോടെ തുടരുന്ന ഗതാഗതക്കുരുക്കിനു ശമനമില്ല. വാഹനങ്ങൾ കടത്തിവിടുന്ന എറണാകുളം ദിശയിലേക്കുള്ള പാലത്തിലൂടെ രണ്ടുവരിയായി കടന്നുപോകാൻ വാഹനങ്ങളുടെ വലിയ തിരക്കാണ്.
ബലപരിശോധനയ്ക്കും ബെയറിംഗ് മാറ്റുന്നതുസംബന്ധിച്ചും ആറുദിവസത്തേക്കാണ് പാലം അടച്ചിരിക്കുന്നത്. പരിശോധന വൈകിയാൽ പാലം തുറക്കുന്നത് ഇനിയും വൈകും.
മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര അടിപ്പാത നിർമാണത്തെതുടർന്നുള്ള ഗതാഗതതടസത്തിനു പുറമേ പാലംപണി കൂടിയായപ്പോൾ വാഹനയാത്രക്കാർ വലയുകയാണ്.
District News
കാഞ്ഞിരപ്പള്ളി: ഇടുങ്ങിയ പാത, റോഡിന് ഇരുവശവും കണ്ടംചെയ്ത് പൊളിക്കാനിട്ടിരിക്കുന്ന വാഹനങ്ങള്‍, കൂടാതെ ആക്രിമാലിന്യങ്ങളും അനധികൃത കൈയേറ്റങ്ങളും. ഇതിനൊപ്പം കൂനിന്മേല് കുരുവെന്നപോലെ കലുങ്കു നിര്‍മാണവും കൂടിയായപ്പോള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് ദേശീയപാത 183ലെ പൂതക്കുഴി ഭാഗം.
കലുങ്ക് നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശം പൊളിച്ചിട്ടതോടെ ഈ ഭാഗത്ത് വന്‍ ഗതാഗതക്കുരുക്കാണ് ദിവസവും അനുഭവപ്പെടുന്നത്. നിലവില്‍ കലുങ്ക് നിര്‍മാണം നടക്കുന്ന ഭാഗത്ത് ഒരു വശത്തുകൂടിയാണ് ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്.
പലപ്പോഴും കുരുക്ക് ഇരുപത്താറാംമൈൽ മുതൽ പേട്ടക്കവലവരെ നീളാറുണ്ട്. എരുമേലി ഭാഗത്തേക്കും തിരിച്ചുമുള്ള ബസുകൾ പലപ്പോഴും പട്ടിമറ്റം-മണ്ണാറക്കയം വഴിയാണ് സർവീസ് നടത്തുന്നത്. എരുമേലിയിൽനിന്ന് ഇരുപത്താറാംമൈലിൽ ഇറങ്ങി കോളജിലേക്കും മറ്റും പോകേണ്ട വിദ്യാർഥികളടക്കമുള്ള യാത്രക്കാരും ഇതുമൂലം വലയുകയാണ്.
റോഡില്‍ ഇരുപത്താറാംമൈല്‍ മുതല്‍ റാണി ആശുപത്രിപ്പടിവരെയുള്ള പല ഭാഗങ്ങളിലായി പാതയോരത്ത് പഴയ വാഹനങ്ങള്‍ കൊണ്ടുവന്ന് നാളുകളായി പൊളിക്കാൻ ഇട്ടിരിക്കുകയാണ്. റോഡിന് ഇരുവശവും തള്ളിയിരിക്കുന്ന ആക്രി മാലിന്യങ്ങളും പഴയ വാഹനങ്ങളും നീക്കംചെയ്യുകയും അനധികൃത പാര്‍ക്കിംഗ് നിരോധിക്കുകയും ചെയ്താൽ ഒരു പരിധിവരെയെങ്കിലും കുരുക്ക് കുറയ്ക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
District News
നെല്ലിയാമ്പതി: അവധി ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിലും മറ്റ് സർക്കാർ- സ്വകാര്യ അവധികളിലും പുലയമ്പാറ ജംഗ്ഷൻ കടുത്ത വാഹനഗതാഗത കുരുക്കിൽ അകപ്പെടുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമായി.
പുലയമ്പാറ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മുൻവശം മുതൽ ഊത്തുകുഴിറോഡ് പാലം വരെ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അനാവശ്യമായി പാർക്കുചെയ്യുന്നതാണ് പ്രധാനമായും ഗതാഗതതടസത്തിനു കാരണമാകുന്നത്. സീതാർകുണ്ട് വ്യൂപോയിന്റ് സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ജംഗ്ഷനിൽതന്നെ കൂട്ടത്തോടെ നിർത്തുന്നതും തിരിയാൻ മതിയായ സൗകര്യമില്ലാത്തതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
ഇതിന്റെ ഫലമായി പ്രദേശത്തേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള പൊതു- സ്വകാര്യ വാഹനങ്ങൾ പുലയമ്പാറ വില്ലേജ് ഓഫീസ് പരിസരം വരെ എത്തി തിരിഞ്ഞുപോകേണ്ട അവസ്ഥയാണ്. ഗതാഗത തടസം മൂലം ബസുകൾ വൈകുന്നതും യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതും പതിവായി മാറിയിട്ടുണ്ട്. വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ വാക്കുതർക്കങ്ങളുണ്ടാകുന്നതായും, ചില സമയങ്ങളിൽ അത് സംഘർഷാവസ്ഥയിലേക്കും നീങ്ങുന്നതായും പ്രദേശവാസികൾ പറയുന്നു.
അടിയന്തര സേവന വാഹനങ്ങൾ പോലും കുരുക്കിൽപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.ഈ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും, വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പുലയമ്പാറ ജംഗ്ഷനിൽ നിർത്തുന്നത് കർശനമായി നിയന്ത്രിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി സർക്കാർ ഓറഞ്ച് ഫാം മൈതാനങ്ങൾ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമായി ഉപയോഗിക്കാൻ വേണ്ട നടപടികൾ ഫാം അധികൃതരുടെ ഭാഗത്തുനിന്ന് സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
കെഎസ്ആർടിസി ബസുകൾക്ക് തടസ്സമില്ലാതെ പുലയമ്പാറ ജംഗ്ഷൻ വരെ സർവീസ് നടത്താൻ കഴിയുന്ന വിധം ക്രമീകരണങ്ങളുണ്ടാകണമെന്നും, പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പ്രത്യേക ട്രാഫിക് പ്ലാൻ തയാറാക്കണമെന്നും നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. പ്രസാദ് ആവശ്യപ്പെട്ടു
Kerala
കൊച്ചി: അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ അവസാന അഞ്ച് ഫില്ലറുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനാല്‍ അരൂര്‍ ബൈപ്പാസില്‍ വന്‍ ഗതാഗത കുരുക്ക്. തോപ്പുംപടി ഭാഗത്തു നിന്ന് വരുന്ന കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും അരൂര്‍ ബൈപ്പാസില്‍ നിന്നും കുമ്പളം വഴി അരൂരിലെത്തിയാണ് ചേര്‍ത്തല പൂച്ചാക്കാല്‍ ഭാഗത്തേക്ക് പോകുന്നത്.
ഇതാണ് ഗതാഗത കുരുക്കിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ദേശീയപാത 66 കിഴക്ക് ഭാഗം പൂര്‍ണമായി അടച്ചിരിക്കുന്നതിനാൽ ഇവിടെയും ഗതാഗതക്കുരുക്കാണ്. അരൂര്‍ ക്ഷേത്രം ജംഗ്ഷന് മുതല്‍ കുമ്പളം ടോള്‍ പ്ലാസ വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്.
അരൂര്‍ ബൈപ്പാസില്‍ നിര്‍ത്തേണ്ട കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും അരൂര്‍ മാര്‍ക്കറ്റിന് സമീപമാണ് നിര്‍ത്തുന്നത്. ഗര്‍ഡറുകള്‍ സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഒരു മാസം വേണ്ടി വരും. ഈ ഭാഗത്തു തന്നെയാണ് അപ്രോച്ച് റോഡിന്റെയും ജോലി നടക്കുന്നത്.
International
വാർസോ: പോളണ്ടിൽ മഞ്ഞുവീഴ്ച കനത്തതിനെത്തുടർന്ന് 20 കിലോമീറ്റർ നീളത്തിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
തലസ്ഥാനമായ വാർസോയെയും ബാൾട്ടിക് തുറമുഖ നഗരമായ ഗഡാൻസ്കിനെയും ബന്ധിപ്പിക്കുന്ന റോഡിൽ ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്.
മഞ്ഞുവീഴ്ച കനത്തപ്പോൾ വന്പൻ ട്രക്കുകൾക്ക് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണു കാരണമെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച പുലർച്ചയോടെയാണ് കുരുക്ക് നീക്കാനായത്. കൊടുംതണുപ്പിൽ നൂറുകണക്കിനു പേർക്കാണ് വാഹനങ്ങൾക്കുള്ളിൽ കഴിയേണ്ടിവന്നത്. പോലീസും സന്നദ്ധ പ്രവർത്തകരും യാത്രക്കാർക്ക് ചൂടുപാനീയങ്ങൾ വിതരണം ചെയ്തു.
District News
കോയമ്പത്തൂർ: അവിനാശി ഫ്ലൈഓവറിന്റെ അടിപ്പാതയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം മരക്കാഡെ, ഗുഡ്സ്ഷെഡ് റോഡ് വഴി ഫ്ലൈഓവറിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് ഇപ്പോൾ മേൽപ്പാലത്തിലൂടെ മാത്രമേ കടന്നുപോകാൻ കഴിയുന്നുള്ളൂ. ഇതിനെത്തുടർന്ന് അടിപ്പാത വൺവേ റോഡാക്കി മാറ്റി.
മരക്കാഡെ, ഗുഡ്സ് ഷെഡ് റോഡ് വഴി വരുന്ന ചിലർക്ക് നേരിട്ട് ഉപ്പിലിപ്പളയത്തേക്ക് മടങ്ങാൻ കഴിയില്ല. ബദൽ വഴികൾ സ്വീകരിക്കേണ്ടിവരുന്നതുമൂലം വാഹനമോടിക്കുന്നവർ വലിയ ബുദ്ധിമുട്ട് നേരിടുന്നതായി ആക്ഷേപമുണ്ട്.
District News
അരൂർ: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപതിയിലേക്ക് കൊണ്ടുപോയ ആംമ്പുലൻസ് ഉയരപ്പാത നിർമാണമേഖലയിലെ ഗതാഗത കുരുക്കിൽപെട്ട് താമസിച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവിയും പൊതുമരാമത്ത് റോഡ്സ് ചീഫ് എഞ്ചിനീയറും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിൽ അറിയിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
എരമല്ലൂർ എൻവിഎസ് കവലയ്ക്ക് സമീപമാണ് കാൽനടയാത്രികനായ എരമല്ലൂർ സ്വദേശി മണിലാലിനെ(55) സ്കൂട്ടർ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആമ്പുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അരൂർ പഞ്ചായത്തിന് സമീപം ആമ്പുലൻസ് 20 മിനിറ്റ് ഗതാഗത കുരുക്കിൽപെടുകയായിരുന്നു. പനങ്ങാട് മാടവന ജംഗ്ഷനിലെത്തിയപ്പോഴേക്കും മണിലാൽ മരിച്ചു. രണ്ട് ദിവസം മുമ്പ് എരമല്ലൂർ സ്വദേശി ശരത് ഡയാലിസിസ് ചെയ്യാൻ ആശുപതിയിലേക്ക് പോകുമ്പോൾ അരൂർ ക്ഷേത്രത്തിനു സസമീപം ഗതാഗതകുരുക്കിൽപ്പെട്ട് മരിച്ചിരുന്നു.